ഡേ സുഹങ്ങളൊക്കെ തന്നെ?

Sunday, December 27, 2009

വെട്ടാന്‍ വരുന്ന ലതഡേ...

പണ്ടൊക്കെ പള്ളിയില്‍ പോകുമ്പോള്‍ എന്നാ ഒരു ഉത്സാഹമായിരുന്നു - എന്ന് ഞാന്‍ ഒരിക്കലും പറയുകേല. അപ്പന്‍ അതിരാവിലെ വിളിക്കും - ഒരു ആറു മണി ആകുമ്പോള്‍. എട്ടു മണിയുടെ 'നസീര്‍' (ബസ്‌ ആണ്) വരുമ്പോള്‍ ഒരുങ്ങി നിന്നില്ലേല്‍ അന്ന് പൂരം ആണ്. അപ്പന് ഞങ്ങടെ (എന്‍റെയും കൂടപിറപ്പിന്റെയും) സ്വഭാവം നല്ല പോലെ അറിയുന്നത് കൊണ്ട് എവിടെങ്കിലും പോണേല്‍ രണ്ടു മണിക്കൂര്‍ മുമ്പേ ഞങ്ങളെ വിളിക്കാന്‍ തുടങ്ങും..എന്നാലെ ഒരു മണിക്കൂര്‍ കഴിഞ്ഞേലും ഞങ്ങള് ഒന്ന് തിരുമോന്ത ഉയര്‍ത്തൂ. എഴുന്നെറ്റാലോ, അടി ആയി ഇടി ആയി പിടിവലി ആയി ബാത്‌റൂമില്‍ കേറി കുറ്റി ഇടല്‍ ആയി...എന്തിനതികം പറയുന്നു - എട്ടു മണി ആകുമ്പോഴേക്ക് ഞങ്ങള് റെഡി. എട്ടര ആകുമ്പോഴേക്ക് പള്ളിയില്‍ എത്തും. ഞങ്ങള് വരാന്‍ കാത്തിരിക്കുവാരുന്നു എന്ന പോലെ അച്ചന്‍ കുര്‍ബാന തുടങ്ങും. പിന്നെ വായിനോക്കല്‍ ആയി. എന്തിനേ ആണ് എന്നൊന്നും ഞാന്‍ പറയുകേല. അതൊക്കെ ഏതാണ്ട് നിങ്ങള് അങ്ങ് ഗുണിച്ച്‌ ഹരിച്ചു പ്ലസ്‌ ആക്കി അങ്ങ് സങ്കല്പ്പിച്ചോ.

ശരിക്കും പറഞ്ഞാല്‍ പള്ളിയില്‍ പോയിരുന്നത് സണ്‍‌ഡേ സ്കൂളില്‍ പോകാനായിരുന്നു. അന്നൊക്കെ പഠിച്ച പ്രാര്‍ഥനകളും പാട്ടുകളും ഒക്കെ ഇന്നും ഓര്‍ത്തിരിക്കുന്നു - എന്ന് പറഞ്ഞാല്‍ നിങ്ങള് വിശ്വസിക്കല്ല്. നമ്മക്ക് സണ്‍‌ഡേ സ്കൂളില്‍ പോയാലും പരിപാടി വേറെ ആയിരുന്നു. അതൊക്കെ പറഞ്ഞാല്‍ നിങ്ങള് പറയും എനിക്കഹങ്കാരം ആണെന്ന്. അത് കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ലേ!!

ഇതൊക്കെ ആണേലും എട്ടും പൊട്ടും തിരിയാത്ത വയസ്സില്‍ നാട്ടിലെ പള്ളിയില്‍ നില്‍ക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പൊഴും കിട്ടിയ ഒരു സമാധാനം ഞാന്‍ ഇത് വരെ വേറെ എങ്ങും അനുഭവിച്ചിട്ടില്ല.

ഇതൊക്കെ പറയാന്‍ ഒരു കാരണം ഉണ്ട്. അത് നിങ്ങള്ക്ക് വഴിയെ മനസ്സിലാകും.

എല്ലാം കെട്ടി പറക്കിക്കൊണ്ട് സായിപ്പിന്റെ നാട്ടിലോട്ടു വന്നപ്പോഴാണ് മനസ്സിലായത്‌ ഞാന്‍ അത്രേം നാളും കണ്ടത് പള്ളി ഒന്നുമല്ലെന്ന്. പള്ളി ഒക്കെ കാണണേല്‍ അമേരിക്കയില്‍ വരണം. പള്ളി നടത്തിപ്പ്നമ്മുടെ മെത്രാന്മാര് ഇവിടെ വന്നു പഠിക്കണം. സത്യം പറയാലോ, എന്താണ്ട് കുരങ്ങന്‍റെ കയ്യില്‍ പൂമാല കിട്ടിയ മാതിരി ആണ് ഇവിടുത്തെ കാര്യങ്ങള്‍.

മൂന്നു മലയാളികള്‍ എവിടെ കൂടുന്നുവോ അവിടെ നാല് ഗ്രൂപ്സ് എന്നാണല്ലോ പ്രമാണം. അമേരിക്കയില്‍ അതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ നെട്ടോട്ടം ഓടുന്ന അച്ചായന്മാരെ കണ്ടാല്‍ - സത്യം പറയാലോ - രോമാഞ്ചം വരും കൂടെ നാക്കിന്‍റെ തുമ്പത്തു മറുഭാഷയും.

ഇവിടെ അച്ചന്മാര്‍ക്കൊക്കെ ഉള്ള ഫാന്‍സ്‌ അസോസിയേഷന്‍ ഒക്കെ കണ്ടാല്‍ മമ്മൂട്ടി മുതല്‍ ദിലീപ് വരെ മൂക്കത്ത് വിരല്‍ വച്ച് പോകും. എങ്ങാനും പള്ളി അച്ചനോട് കലിപ്പുള്ള ഏതേലും കുഞ്ഞാടുകള്‍ ഉണ്ടേല്‍, അവരു വേറൊരു 'ഗസ്റ്റ്‌ അച്ചനെ' കൊണ്ടുവരും. എന്നിട്ട് ഓടുന്ന ശ്വാനന് ഒരു മുഴം മുന്‍പേ എന്ന മാതിരി, നമ്മടെ പള്ളീലച്ചനെ പുകച്ചു പുറത്താക്കി പുതിയ അച്ചനെ പ്രതിഷ്ഠിക്കാന്‍ ഉള്ള വഴി നോക്കും. അതൊന്നും നടന്നില്ലേല്‍ ഞങ്ങ എന്നാ ചെയ്യുമെന്നറിയാവോ? അഞ്ചാറു supporting ആക്ടെഴ്സിനെ ഒക്കെ വച്ച് ഞങ്ങ ഒരു പുതിയ പള്ളി ഉണ്ടാക്കും.

നാട്ടിലോട്ടു ഒഴുകുന്നത്‌ NRI പണം ആണെന്നറിയാവുന്ന ബിഷപ്പുമാര് ആദ്യം കടുംപിടുത്തം ഒക്കെ നടത്തുമെങ്കിലും കുഞ്ഞാടുകളുടെ ആവശ്യം അങ്ങ് നടത്തി കൊടുത്തു പുതിയ ആ ഗ്രൂപിനെ ഇടവക ആയിട്ടങ്ങു സമ്മതിച്ചു കൊടുക്കും.

നിങ്ങള് പിന്നേം വിചാരിക്കുന്നു...ഈ പെണ്‍പെറന്നോര്‍ എന്തരു പറയുന്നേ എന്ന്...

ഞങ്ങടെ പള്ളിയില്‍ ഈ ഇടയ്ക്കു കുഞ്ഞാടുകള്‍ ഒക്കെ കൂടി സെക്രട്ടറി-യെ തിരഞ്ഞെടുത്തു - ഒരു ച്യാച്ചിയെ. പൊതുയോഗം (അതായത് പള്ളിയില്‍ കൃത്യമായി 'തവണ'കള്‍ അടയ്ക്കുന്ന കുഞ്ഞാടുകള്‍ ഉള്‍കൊള്ളുന്ന ഒരു ഗ്രൂപ്പ്) ഇത് തീരുമാനിച്ചതോട് കൂടി സഭാ മെത്രാന് കത്തിന്‍റെയും ഫോണ്‍ വിളിയുടെയും വക പരാതികള്‍. എല്ലാരും ചേര്‍ന്ന് പള്ളീലച്ചനു തെറി അഭിഷേകം (എന്താണെന്നറിയില്ല ഞങ്ങ ക്രിസ്ത്യാനികള്‍ പള്ളീലച്ചനോട്‌ കാണിക്കുന്ന ആ ഒരു ശുഷ്കാന്തി വേറെ എങ്ങും കാണുകേല.. കാണാന്‍ ഞങ്ങ സമ്മതിക്കുകയുമില്ല). സെക്രട്ടറി ആയിട്ട് പെണ്ണുങ്ങള്‍ ആകുന്നതു ഇത് ആദ്യമാണ് പോലും. അത് നമ്മുടെ എന്താണതിന്റെ ഒക്കെയോ എതിരാണ് എന്നും പുള്ളിക്കാരി സെക്രട്ടറി ആയാല്‍ ആരാണ്ടുടെ എന്താണ്ടൊക്കെയോ പോകുമെന്നോ എന്നൊക്കെ പറഞ്ഞു തിരുമേനിയുടെ ഒരു കല്പന ചിലരൊക്കെ കൂടി അങ്ങ് വാങ്ങി. അത് കൊണ്ട് അന്ന് നടന്ന യോഗം അസാധു ആയിട്ട് പ്രഖ്യാപിക്കുകയും ചെയ്തു അവിടൂന്ന്.

അല്ലാ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? ഈ പെറാന്‍ പെണ്ണുങ്ങള് വേണം. ഒരു കുടുംബം നോക്കാന്‍ പെണ്ണുങ്ങള്‍ക്ക്‌ ഉള്ള സാമര്‍ത്ഥ്യം ആണുങ്ങക്കുണ്ടോ? പള്ളിയില്‍ എന്നാ ഒരു കാര്യം നടത്തനെലും ആദ്യം അച്ചന്‍ ചോദിക്കുന്നത് 'മാര്‍ത്ത മരിയ സമാജ-ത്തിന്‍റെ' ഹെല്‍പ് ആണ്. പള്ളിയില്‍ ഒരു പ്രോഗ്രാം വല്ലോം നടത്തണേല്‍ പെണ്ണുങ്ങള്‍ ആണ് അതില്‍ മിക്ക കാര്യങ്ങളും ചെയ്തു കൊടുക്കുന്നതും. വെള്ളോം അടിച്ചു തുരിമ്പ് വെളിവും ഇല്ലാതെ തലേ രാത്രി കിടന്നുറങ്ങിയ അച്ചായന്മാര്‍ക്ക്‌ പിറ്റേ ദിവസം വന്നു കുര്ബാന കൈക്കോള്ളാം . അതിലൊന്നും ഒരു കുഞ്ഞാടും ആരെയും പരസ്യമായി ആക്ഷേപിക്കുന്നില്ല. പള്ളിയില്‍ ഇരുന്നു പള്ളീലച്ചനെ തെറി വിളിക്കുന്നു... അതിനെതിരെ ഒന്നും ആര്‍ക്കും മെത്രാന് കത്തും SMS-ഉം അയക്കണ്ട. പഠിപ്പും വിവരോം അതിനുപരി കെല്പ്പും ഉള്ള ഒരു സ്ത്രീ സെക്രട്ടറി ആകുന്നതു 'സഭാ ചരിത്രത്തിനു' എതിരാണ് എന്നും... tradition എന്ന് പറയുന്ന സാധനത്തിനു ചെരുന്നതല്ലെന്നും ഒക്കെ എഴുതിവെപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് എനിക്ക് തലകുത്തി നിന്നിട്ടും മനസ്സിലാവുന്നില്ല.

വിശ്വാസികളുടെ 'ക്ഷേമത്തിനായി' കുര്‍ബാന രണ്ടര മണിക്കൂര്‍ ആയി കുറയ്ക്കാം. കള്ളുകുടിയന്മാരും തികഞ്ഞ ആഭാസന്മാരും ആയവരെ വിശുദ്ധ മദ്ബഹായില്‍ കേറ്റാം. കാലം മാറുമ്പോള്‍ കോലം മാറണം എന്നൊക്കെ പറഞ്ഞോണ്ട് നടക്കുന്ന നമ്മ മലയാളികളുടെ ഇടയിലെ ഇമ്മാതിരിയും മേല്പറഞ്ഞ ചില സംഭവവികാസങ്ങളും ഒക്കെ കാണുമ്പോള്‍ എന്തോ..എനിക്ക് ഒരു കൊണീന്നു ചൊറിഞ്ഞു വരുന്നണ്ണാ!

2 comments:

  1. ha ha ha sathyam vilichu parayan angu kasrgodu mutal kanyakumari vare ulla malayalam kooti kalarthiya ezhutheyelum, karyam karyama.. adutha "malankara sabha" magazine il ethu nammukku prasdeekarikkanam..

    ReplyDelete